Tuesday, June 16, 2009

മുഖംമൂടികള്‍

ഒരായിരം പ്രശ്നങ്ങള്‍ അലട്ടിയപ്പോളും സന്തോഷത്തിന്റെ മുഖംമൂടി അവനഴിച്ച് വെച്ചില്ല. ഉള്ളില്‍ നീറിപ്പുകഞ്ഞിരുന്ന വെറുപ്പിനെ കാപട്യത്തില്‍ പൊതിഞ്ഞ ചിരികള്‍ക്ക് പിന്നില്‍ അവനൊളിപ്പിച്ച് വെച്ചു. അഹങ്കാരത്തിന്റെ കൊടുമുടികളിലും തന്റെ വിനയത്തിന്റെ മേലങ്കി ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായില്ല. നിരാശയുടെ ആഴങ്ങളില്‍ കിടന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചപ്പോളും മുഖത്ത് ആത്മവിശ്വാസം നിറഞ്ഞ ഒരു പുഞ്ചിരി കാത്തുസൂക്ഷിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. അസൂയ കൊണ്ട് സ്വയമെരിഞ്ഞപ്പോള്‍ പോലും പുറമേക്ക് കാണിച്ച സൌഹൃദത്തിന്റെ മുഖംമൂടി മാത്രമേ മറ്റുള്ളവര്‍ കണ്ടിരുന്നുള്ളൂ. നാക്കിന്റെ തുമ്പത്ത് വരെ വന്ന പുച്ഛരസത്തെ ഒരിക്കലും പുറത്തേക്ക് വരാന്‍ അവന്‍ അനുവദിച്ചിരുന്നില്ല. ദേഷ്യം വന്നപ്പോളെല്ലാം എന്തിനോ വേണ്ടി അവന്‍ ശമം വരിച്ചു.

മറച്ച് പിടിക്കപ്പെട്ട മുഖങ്ങള്‍ തങ്ങളുടെ മുഖംമൂടികള്‍ ചീന്തിയെറിഞ്ഞ് നീണ്ട കഴുത്തുകളുള്ള സര്‍പ്പങ്ങളായി വന്ന് തന്നെ വിഴുങ്ങുന്നതായി അവന്‍ സ്വപ്നം കാണാറുണ്ടത്രേ.