Tuesday, June 16, 2009

മുഖംമൂടികള്‍

ഒരായിരം പ്രശ്നങ്ങള്‍ അലട്ടിയപ്പോളും സന്തോഷത്തിന്റെ മുഖംമൂടി അവനഴിച്ച് വെച്ചില്ല. ഉള്ളില്‍ നീറിപ്പുകഞ്ഞിരുന്ന വെറുപ്പിനെ കാപട്യത്തില്‍ പൊതിഞ്ഞ ചിരികള്‍ക്ക് പിന്നില്‍ അവനൊളിപ്പിച്ച് വെച്ചു. അഹങ്കാരത്തിന്റെ കൊടുമുടികളിലും തന്റെ വിനയത്തിന്റെ മേലങ്കി ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായില്ല. നിരാശയുടെ ആഴങ്ങളില്‍ കിടന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചപ്പോളും മുഖത്ത് ആത്മവിശ്വാസം നിറഞ്ഞ ഒരു പുഞ്ചിരി കാത്തുസൂക്ഷിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നു. അസൂയ കൊണ്ട് സ്വയമെരിഞ്ഞപ്പോള്‍ പോലും പുറമേക്ക് കാണിച്ച സൌഹൃദത്തിന്റെ മുഖംമൂടി മാത്രമേ മറ്റുള്ളവര്‍ കണ്ടിരുന്നുള്ളൂ. നാക്കിന്റെ തുമ്പത്ത് വരെ വന്ന പുച്ഛരസത്തെ ഒരിക്കലും പുറത്തേക്ക് വരാന്‍ അവന്‍ അനുവദിച്ചിരുന്നില്ല. ദേഷ്യം വന്നപ്പോളെല്ലാം എന്തിനോ വേണ്ടി അവന്‍ ശമം വരിച്ചു.

മറച്ച് പിടിക്കപ്പെട്ട മുഖങ്ങള്‍ തങ്ങളുടെ മുഖംമൂടികള്‍ ചീന്തിയെറിഞ്ഞ് നീണ്ട കഴുത്തുകളുള്ള സര്‍പ്പങ്ങളായി വന്ന് തന്നെ വിഴുങ്ങുന്നതായി അവന്‍ സ്വപ്നം കാണാറുണ്ടത്രേ.

Tuesday, April 28, 2009

ബന്ധങ്ങള്‍

ദൂരം കൂടും തോറും ബന്ധങ്ങളുടെ ആഴം കുറയാറുണ്ടോ
അതോ ആഴം കുറയും തോറും മനസുകള്‍ തമ്മിലുള്ള ദൂരം കൂടുന്നതോ?

പുതിയ നാമ്പുകള്‍ മുളക്കുമ്പോള്‍ പഴയവ കരിഞ്ഞു പോകാറുണ്ടോ?
എങ്കില്‍ പുതിയതിനെ മുളയിലേ നുള്ളിക്കളഞ്ഞാല്‍ പോരേ?

അതോ കരിഞ്ഞിടത്ത് പുതിയവ മുളച്ച് വരുന്നതോ..?

Monday, March 30, 2009

അമ്പട ഞാനേ..!

  1. എന്റെ മനസിലെ ഞാന്‍ എന്ന സങ്കല്പം
    • ഇതില്‍ കുറേയൊക്കെ ശരിയും അത്ര തന്നെ തെറ്റും ആകാം
  2. നിത്യേനയുള്ള ഇടപെടലുകളിലൂടെ ചുറ്റുമുള്ള ലോകത്തിന് മുന്നില്‍ ഞാനവതരിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തിത്വം
    • ഇതില്‍ കൂടുതലും ഞാന്‍ എന്നതിനേക്കാള്‍ ഞാന്‍ ആയിത്തീരാന്‍ ആഗ്രഹിക്കുന്നവയായിരിക്കും. ഒന്നാമത്തെ സങ്കല്പത്തിലെ പലതും മറച്ച് വച്ച് അതില്‍ ഇല്ലാത്ത പലതും കൂട്ടിച്ചേര്‍ത്തത് - എന്റെ സത്യസന്ധതയ്ക്കനുസരിച്ച് ഇതിലെ അഭിനയത്തിന്റെ തോത് കൂടിയും കുറഞ്ഞുമിരിയ്ക്കും
  3. എന്റെ മനഃപൂര്‍വ്വവും അല്ലാത്തതുമായ പ്രവര്‍ത്തികളില്‍ നിന്ന് മറ്റുള്ളവര്‍ അളന്നെടുക്കുന്ന ഞാന്‍
    • എന്റെ ചുറ്റുമുള്ള ഓരോരുത്തര്‍ക്കും അവരുടേതായ ഞാന്‍ ഉണ്ടാകും - അവരെന്നെ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും.
ഇതിലേതാണ് ശരിക്കുള്ള ഞാന്‍?
മൂന്നിന്റേയും മിശ്രിതമാണോ ഞാന്‍?
അതോ ഇനി വേറെ വല്ലതുമാണോ ഞാന്‍?

Saturday, March 28, 2009

ലൈറ്റണയ്ക്കുമ്പോള്‍

പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിലും വേനല്‍ക്കാലത്ത് പോലും കുളിക്കാന്‍ ഗീസര്‍ ഉപയോഗിക്കുകയും, മരം കോച്ചുന്ന മഞ്ഞുകാലത്ത് പോലും ഏസിയില്‍ തന്നെ കിടക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉപഭോക്തൃസംസ്കാരത്തിന്റെ വക്താക്കള്‍ വെറും ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതിനെ ആഗോള ഊര്‍ജ്ജ്വസംരക്ഷണത്തിന്റെ മഹത്തായ മാതൃകയായി കൊണ്ടാടുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിത്യവും ചെലവാക്കുന്ന ഊര്‍ജ്ജത്തിന്റെ അളവില്‍ എന്തെങ്കിലും കുറവ് വരുത്താന്‍ എത്ര പേര്‍ തയ്യാറാകും?

Tuesday, March 17, 2009

ഏകാന്തത

നഷ്ടപ്രണയത്തിന്റെ വേദനകളുമായി ജീവിക്കുന്നവര്‍ ഒരു തരത്തില്‍ ഭാഗ്യം ചെയ്തവരാണ്, അവര്‍ക്ക് ഓര്‍മ്മകളെങ്കിലും കൂട്ടിനുണ്ടല്ലോ. ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവരുടെ ഏകാന്തതയെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകുമോ?

Monday, March 16, 2009

വ്രണപ്പെടുന്ന വികാരങ്ങള്‍

വിശ്വാസികള്‍ ഏത് കാര്യത്തിനും പരസ്യമായി ദൈവത്തിനെ വിളിക്കുന്നത് ദൈവമില്ലെന്നുള്ള എന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്നും പറഞ്ഞ് ഒരു കേസ് കൊടുക്കാന്‍ വകുപ്പുണ്ടോ?

വെറുതേ ഒരു ബ്ലോഗ്

വായിക്കുന്നതിനിടയില്‍ ഇഷ്ടപ്പെടുന്ന വരികളും, ഒരു പോസ്റ്റാക്കാന്‍ മാത്രം നീളമില്ലാത്ത നുറുങ്ങുചിന്തകളും, കൊള്ളാമെന്ന് തോന്നുന്ന GTalk സ്റ്റാറ്റസ് മെസേജുകളും അങ്ങനെ പലതും ഇവിടെ കുറിച്ച് വച്ചെന്നും വച്ചില്ലെന്നും വരാം!!!

നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
എഴുതിയെഴുതി ഞാനിവിടെ എന്റെ സ്വന്തം “ കവിതകള്‍ ” വരെ എഴുതിയെന്ന് വരും - അവയെ ഞാനല്ലാതെ വേറാരും കവിതയെന്ന് വിളിച്ചില്ലെങ്കില്‍ പോലും. So read at your own risk.